ന്യൂഡൽഹി: ഷൂട്ടിംഗ് റേഞ്ചുകളിലെ പിഴയ്ക്കാത്ത ഉന്നവുമായി രാജ്യത്തിന് ഒട്ടേറെ മെഡലുകൾ സമ്മാനിച്ച ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒന്നുമുതൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞമാസം അവസാനം ഐഎസ്എസ്എഫ് ലോകകപ്പിനായി ജര്‍മനിയിലെ മ്യൂണിക്കില്‍ എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. മടക്കയാത്രയിൽ ഡല്‍ഹി വിമാനത്താവളത്തിൽ എത്തിയയുടൻ ആശുപത്രിയിലേക്കു മാറ്റി. ഹൃദയാഘാതത്തിനു ചികിത്സയും തുടർന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെ കടുത്ത ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
പാരീസ് ഒളിന്പിക്സ് ഇരട്ടമെഡൽ ജേതാവ് മനു ഭാക്കർ ഉൾപ്പെടെയുള്ള താരങ്ങളുടെ പരിശീലകനെന്ന നിലയിലും തിളങ്ങിയ ജസ്പാൽ പന്ത്രണ്ടാംവയസിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയാണു വരവറിയിച്ചത്. ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്ന കോട്ടയം ഉഴവൂർ സ്വദേശി
അന്തരിച്ച പ്രഫ.സണ്ണി തോമസിന്റെ ശിക്ഷണവും ലഭിച്ചിട്ടുണ്ട്.
ഷൂട്ടിംഗ് റേഞ്ചുകളിലെ അസാമാന്യപ്രകടനത്തിന് ആദരവായി 1994 ൽ അർജുന അവാർഡും 1997 ൽ പദ്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. പരിശീലനമികവിന് 2020 ൽ ദ്രോണാചാര്യ പുരസ്കാരവും.